റിയാദ്: റിയാദ് നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ മെട്രോ സർവീസ് ആരംഭിക്കുന്നു. അടുത്ത ബുധനാഴ്ച മുതൽ ആദ്യഘട്ട സർവീസ് ആരംഭിക്കും. തുടക്കത്തിൽ മൂന്നു ട്രാക്കുകളിലാണ് സർവീസ്. ബാക്കിയുള്ള മൂന്നു ട്രാക്കുകളിൽ അടുത്ത മാസം സർവീസ് തുടങ്ങും.
മെട്രോയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഉടൻ പ്രഖ്യാപനം വരും. ഇരുപത് മുതൽ മുപ്പത് ശതമാനം വരെ നിരക്കിളവിൽ ഉദ്ഘാടന ഓഫറുണ്ടാകും. ബുധനാഴ്ച തുറക്കുന്നത് അൽ അറൂബയിൽ നിന്ന് ബത്ഹ, കിംഗ് ഖാലിദ് വിമാനത്താവളം റോഡ്, അബ്ദുറഹ്മാൻ ബിൻ ഔഫ് ജങ്ഷൻ, ഷെയ്ഖ് ഹസൻ ബിൻ ഹുസൈൻ എന്നീ ട്രാക്കുകളാണ്.
കിങ് അബ്ദുല്ല റോഡ്, മദീന, കിങ് അബ്ദുൽ അസീസ് സ്റ്റേഷനുകൾ ഡിസംബർ മധ്യത്തിൽ സർവ്വീസുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോയാണിത്. മിക്ക സ്റ്റേഷനുകളും വെയർഹൗസുകളും സൗരോർജമുപയോഗിച്ചാണ് പ്രവർത്തിക്കുക.