ജിദ്ദ – സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന വാജിദും കൂടികാഴ്ച നടത്തി. വനിതകൾ ഇസ്‌ലാമിൽ എന്ന ശീർഷകത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ ജിദ്ദയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
സൗദി അറേബ്യയും ബംഗ്ലാദേശും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഗാസ യുദ്ധവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും വെടിനിർത്തൽ നടപ്പാക്കാൻ നടത്തുന്ന ശ്രമങ്ങളും റിലീഫ് വസ്തുക്കൾ എത്തിക്കാൻ സുരക്ഷിത ഇടനാഴികൾ ഒരുക്കേണ്ടതിനെ കുറിച്ചും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ബംഗ്ലാദേശ് പ്രധാനമന്ത്രിയും ചർച്ച ചെയ്തു. ഒ.ഐ.സി അന്താരാഷ്ട്ര സമ്മേളനത്തിൽ വിശകലനം ചെയ്യുന്ന പ്രധാന വിഷയങ്ങളും വനിതാ ശാക്തീകരണ ശ്രമങ്ങളെ പിന്തുണക്കേണ്ടതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. മക്ക പ്രവിശ്യ വിദേശ മന്ത്രാലയ ശാഖാ മേധാവി മാസിൻ അൽഹംലിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ത്വാഹയുമായും ബംഗ്ലാദേശ് പ്രധാനമന്ത്രി പിന്നീട് പ്രത്യേകം ചർച്ച നടത്തി. ഒ.ഐ.സിയും ബംഗ്ലാദേശും തമ്മിലുള്ള സഹകരണങ്ങളും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ഇസ്‌ലാമിക രാജ്യങ്ങൾ തമ്മിലെ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ഗാസക്കെതിരായ ഇസ്രായിൽ ആക്രമണവും മേഖലാ, ആഗോള സുരക്ഷയിലും സമാധാനത്തിലും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരുവരും ചർച്ച ചെയ്തു.