റിയാദ്: സൗദി അറേബ്യായിൽ നിന്ന് ഗസ്സയിലേക്കുള്ള സഹായവുമായി സൗദിയുടെ മൂന്നാമത്തെ ദുരിതാശ്വാസ വിമാനം ശനിയാഴ്ച ഈജിപ്തിലെ എൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് സഹായം എത്തിച്ചത്.
ഗാസയിലെ ജനങ്ങളെ സഹായിക്കുന്നതിനുള്ള സൗദി പ്രചാരണത്തിന്റെ ഭാഗമായി വിമാനം ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെ 35 ടൺ ആവശ്യ വസ്തുക്കളാണ് കയറ്റി അയച്ചത്.
പ്രതിസന്ധി ഘട്ടങ്ങളിൽ പലസ്തീൻ ജനതയെ പിന്തുണയ്ക്കാനുള്ള രാജ്യത്തിന്റെ ദീർഘകാല പ്രതിബദ്ധതയ്ക്ക് അനുസൃതമായി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഉത്തരവ് പ്രകാരമാണ് ഈ സംരംഭം ആരംഭിച്ചത്.
35 ടൺ വീതം സഹായവുമായി ഒന്നും രണ്ടും സൗദി ദുരിതാശ്വാസ വിമാനങ്ങൾ യഥാക്രമം വ്യാഴം, വെള്ളി ദിവസങ്ങളിൽ ഈജിപ്തിലെത്തിയിരുന്നു.