ജിദ്ദ: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള മൊബൈൽ ഫോണുകളുടെ ഇറക്കുമതിയിൽ വൻ വർദ്ധനവ്. 13 ലക്ഷം സ്മാർട്ട് ഫോണുകളാണ് കഴിഞ്ഞ എട്ടുമാസത്തിനിടെ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. സൗദിയിലേക്ക് ഫോൺ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. അമേരിക്കയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനം നേടിയത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
138.4 കോടി റിയാൽ (ഏകദേശം 3100 കോടി ഇന്ത്യൻ രൂപ) വില വരുന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. എട്ടു മാസത്തിനിടെ സൗദിയിലേക്ക് ഇറക്കുമതി ചെയ്ത സ്മാർട്ട് ഫോണുകളിൽ എട്ടുശതമാനവും ഇന്ത്യയിൽ നിന്നാണ്. എട്ടു മാസത്തിനിടെ 44 രാജ്യങ്ങളിൽ നിന്ന് 1,700 കോടി റിയാൽ വില വരുന്ന 1.43 കോടി സ്മാർട്ട് ഫോണുകളാണ് സൗദിയിൽ എത്തിയതെന്നും ജനറൽ അതോറിറ്റി വ്യക്തമാക്കി.