റിയാദ് – റിയാദിലെ കുരങ്ങ് ശല്യത്തിന് അടിയന്തിരമായി പരിഹാരം കാണുമെന്ന് നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് അറിയിച്ചു. നിയമ വിരുദ്ധ വാങ്ങൽ, വിൽക്കൽ പ്രക്രിയയാണ് റിയാദിൽ കുരങ്ങുകൾ കൊണ്ടുവരാനുള്ള കാരണമായി അധികൃതർ ചൂണ്ടികാട്ടുന്നത്. തലസ്ഥാന നഗരിയിലെ ജനവാസ കേന്ദ്രത്തിൽ ബബൂൺ ഇനത്തിൽ പെട്ട കുരങ്ങ് കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സ്ഥിതിഗതികൾ പരിഹരിക്കാനും കുരങ്ങിനെ പിടികൂടാനും സെന്ററിനു കീഴിലെ ഫീൽഡ് സംഘങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ലൈസൻസില്ലാതെ വന്യമൃഗങ്ങളെ വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്കുണ്ട്. ഇത്തരം നിയമ ലംഘനങ്ങളെ കുറിച്ച് 19914 എന്ന നമ്പറിൽ ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് ആവശ്യപ്പെട്ടു.