ജിദ്ദ: സൗദിയിൽ 2023-ൽ പൊതുഗതാഗത ബസുകളും ട്രെയിനുകളും ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്. പൊതുഗതാഗത ബസ് യാത്രക്കാരുടെ നിരക്ക് 2022-നെ അപേക്ഷിച്ച് 2023-ൽ 176 ശതമാനമായി ഉയർന്നുവെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നഗരത്തിനകത്തും അതിനിടയിലും 117.6 ദശലക്ഷത്തിലധികം ബസ് യാത്രക്കാരുടെ വർധനവ് ഉണ്ടായിട്ടുണ്ട്.
2023ൽ 113.5 ദശലക്ഷത്തിലധികം യാത്രക്കാർ നഗരങ്ങൾക്കുള്ളിൽ ബസുകൾ ഉപയോഗിച്ചു. മുൻവർഷത്തേക്കാൾ 195 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്റർസിറ്റി ബസ് യാത്രക്കാർ ഇതേ കാലയളവിൽ ഏകദേശം 4.1 ദശലക്ഷത്തിലെത്തി. രാജ്യത്തിന്റെ റോഡ് ശൃംഖലയുടെ മൊത്തം ദൈർഘ്യം 2023-ൽ 316,900 കിലോമീറ്ററിലെത്തി. മുൻവർഷത്തേക്കാൾ 2.2 ശതമാനമാണ് വർധിച്ചത്.
2022-നെ അപേക്ഷിച്ച് 2023-ൽ ഗുരുതരമായ ട്രാഫിക് അപകടങ്ങളിൽ 2.5 ശതമാനം കുറവുണ്ടായി. വാഹനാപകടങ്ങളുടെ ഫലമായുണ്ടാകുന്ന മരണങ്ങൾ മുൻ വർഷത്തേക്കാൾ 2.9 ശതമാനം കുറഞ്ഞുവെന്നും കണക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നു.