റിയാദ് – സൗദി അറേബ്യായിൽ മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് പുതിയ നിർദേശങ്ങളുമായി ട്രാഫിക് വിഭാഗം. യാത്ര ചെയ്യുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തിയാണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പു നൽകുന്ന തരത്തിലുള്ള ഹെൽമെറ്റുകൾ ധരിച്ചു മാത്രമേ വാഹനമോടിക്കാവൂ എന്നതാണ് നിർദേശങ്ങളിൽ പ്രധാനം. നിർദിഷ്ട സ്ഥലത്തു വ്യക്തമായി വായിക്കാവുന്ന തരത്തിൽ നമ്പർ പ്ലേറ്റുകൾ സ്ഥാപിച്ചിരിക്കുക, നിർണിത ട്രാക്കുകളിലൂടെ മാത്രം വാഹനമോടിക്കുകയും ട്രാക്കുകൾക്കിടയിൽ മാറിക്കയറാതിരിക്കുകയും ചെയ്യുക, ചുറ്റുമുള്ള വാഹനങ്ങളിൽ നിന്ന് അകലം പാലിക്കുകയും റോഡുകളിലെ നിശ്ചിത വേഗ പരിധി മറകടക്കാതിരിക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.