ദമ്മാം: സ്വദേശിവത്കരണം കൃത്യമായി പാലിച്ച് സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങൾ. സൗദിയിൽ സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം പാലിക്കുന്നതിൻറെ നിരക്ക് 94 ശതമാനത്തിലേക്ക് ഉയർന്നതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകളിലാണ് വളർച്ച രേഖപ്പെടുത്തിയത്.
രാജ്യത്തെ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ശതമാനത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. 6.3% ആണ് സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്. 2025 ന്റെ ആദ്യ പാദത്തിൽ തൊഴിൽ വിപണി മേൽനോട്ടം ശക്തിപ്പെടുത്തുന്നതിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പുലർത്തിയ ജാഗ്രത വ്യത്യസ്ത മേഖലകളിൽ നേട്ടത്തിന് കാരണമായി.
250,000 ത്തിലധികം സന്ദർശനങ്ങൾ ലക്ഷ്യമിട്ട് മന്ത്രാലയം തുടക്കം കുറിച്ച പരിശോധന കാമ്പയിൻ മൂന്ന് മാസത്തിനുള്ളിൽ 411,000 ത്തിലേക്കെത്തിക്കാൻ സാധിച്ചു. പരിശോധനയിൽ 115,000 ലംഘനങ്ങൾ കണ്ടെത്തുകയും 46,000 ത്തിലധികം മുന്നറിയിപ്പുകൾ നൽകുകയും ചെയ്തതായി മന്ത്രാലയ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.