റിയാദ് – സൗദി അറേബ്യയിലെ റുബുഉൽ ഖാലി മരുഭൂമിയിലും കിഴക്കൻ പ്രവിശ്യയിലും സൗദി അറാംകോ പുതിയ പ്രകൃതിവാതക പാടങ്ങൾ കണ്ടെത്തിയതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. അൽഹീറാൻ ഒന്ന് പാടത്തെ ഹനീഫ കിണറിൽ നിന്ന് പ്രതിദിനം 30 മില്യൺ ഘനഅടി എന്ന തോതിൽ വാതകവും 1600 ബാരൽ കണ്ടൻസറുകളും ലഭിക്കും. അതോടൊപ്പം അൽഅറബ് സി കിണറ്റിൽ നിന്ന് 3.1 മില്യൺ ഘനഅടിയും അൽമഹാകീക് 2 കിണറിൽ നിന്ന് 0.85 മില്യൺ ഘനഅടിയും പ്രതിദിനം ലഭിക്കും.
നേരത്തെ കണ്ടെത്തിയ പാടങ്ങളിലെ അഞ്ച് കിണറുകളിൽ നിന്ന് കൂടുതൽ പ്രകൃതി വാതകവും ഇപ്പോൾ ലഭിക്കുന്നുണ്ട്. റുബുഉൽ ഖാലിയിലെ ഉസൈകറ പാടത്തെ അൽജില കിണറിൽ നിന്ന് പ്രതിദിനം 46 മില്യൺ വാതകം പുതുതായി ലഭിച്ചുവരുന്നു. ഹറദിന് പടിഞ്ഞാറ് ഭാഗത്തെ ശദൂൻ പാടത്ത് മറ്റൊരു കിണർ കൂടി കണ്ടെത്തിയിട്ടുണ്ട്. ഉനൈസ എ കിണറിൽ നിന്ന് 15.5 മില്യൺ ഘനഅടി വാതകവും 460 ബാരൽ കണ്ടെൻസറുകളും ലഭിക്കും. ദഹ്‌റാനിന്റെ പടിഞ്ഞാറ് തെക്ക് പടിഞ്ഞാറ് ഭാഗത്തെ മസാലീജ് പാടത്തെ ഉനൈസ ബി, സി കിണറുകളിലും പുതുതായി വാതകം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്ന് 14 മില്യൺ ഘനഅടി വാതകവും 4.150 ബാരലും ഒരു ദിവസം ലഭിക്കും.
ഹുഫൂഫിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഔത്താദ് പാടത്തെ അൽഖുസൈബാ കിണറിലും അൽവദീഹി പാടത്തെ അൽസാറ കിണറിലും പ്രകൃതി വാതകം കണ്ടെത്തി. അൽസാറയിൽനിന്ന് പ്രതിദിനം 11.7 മില്യണും അൽഖുസൈബായിൽ നിന്ന് 5.1 മില്യണും 57 ബാരൽ കണ്ടെൻസറും ഉൽപാദിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.