റിയാദ്- സൗദിയിൽ കോടതി സേവനങ്ങൾക്കുള്ള നീതിന്യായ വകുപ്പിന്റെ നാജിസ് പോർട്ടൽ പുതിയ എഡിഷൻ ലോഞ്ച് ചെയ്തു. സൗദി നീതിന്യായ വകുപ്പിന്റെ ഓൺലൈൻ സേവനത്തിനായുള്ള നാജിസ് പോർട്ടലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് സൗദി നീതിന്യായ വകുപ്പ് മന്ത്രി ഡോ.വലീദ് ബിൻ മുഹമ്മദ് അൽ സംആനി ലോഞ്ച് ചെയ്തത്.
നാജിസ് പ്രധാന പേജ് തുറക്കുന്നതോടെ വ്യക്തികൾ, വക്കീലുമാർ, സ്വകാര്യ സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ എന്നീ നാലു വ്യത്യസ്ത വിഭാഗക്കാർക്ക് വിവിധ പോർട്ടലുകളിലേക്കു പ്രവേശിക്കുന്നതിനുള്ള ഐക്കണുകൾ കാണാനാകും. ഉപഭോക്താക്കൾക്ക് സുതാര്യമായ സേവനങ്ങൾ നൽകുന്നതിനും ഡിജിറ്റൽ ഗവൺമെന്റ് എന്ന ആശയത്തിലേക്കുള്ള പ്രധാന ചുവടുവെപ്പുമായിരിക്കും ഇതെന്ന് പോർട്ടൽ ലോഞ്ചു ചെയ്തു മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഏഴു വർഷമായി കോടതി സേവനങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച നാജിസ് പോർട്ടൽ വഴി അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ മന്ത്രാലയത്തിനു സാധിച്ചിട്ടുണ്ട്. ആവശ്യാനുസരണം ഓരോ വിഭാഗക്കാർക്കും അവരവരുമായി ബന്ധപ്പെട്ട പോർട്ടലുകളിൽ പ്രവേശിക്കുന്നതിനും യൂസർ നെയിമും പാസ് വേർഡും ക്രിയേറ്റ് ചെയ്ത ശേഷം സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതുമാണ്.
കോടതി നടപടികളുമായി ബന്ധപ്പെട്ട 160 ലേറെ വ്യത്യസ്ത സേവനങ്ങളാണ് നിലവിൽ നാജിസ് പോർട്ടൽ വഴി ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഒട്ടുമിക്ക സേവനങ്ങളും നാജിസ് പോർട്ടലിൽ കൊണ്ടുവരിക വഴി നീതി നിർവഹണ രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് സാധ്യമാക്കിയിരിക്കുന്നതെന്നും അൽ സംആനി അഭിപ്രായപ്പെട്ടു. പ്രതിവർഷം ആറര കോടി സന്ദർശകരാണ് നാജിസ് പോർട്ടൽ വിസിറ്റ് ചെയ്യുകയോ സേവനങ്ങൾ ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നത്.