റിയാദ്: അർബുദ ചികിത്സയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന കണ്ടെത്തലുമായി സൗദി ഗവേഷകൻ. അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജി, ജനറ്റിക്സ്, ഇമ്മ്യൂണോളജി വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസറായ ഡോ യാസർ അൽ ധാമെനാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
അർബുദകോശങ്ങളെ ചെറുക്കാൻ കഴിവുള്ള പുതിയ രാസ സംയുക്തങ്ങൾ കണ്ടെത്തുന്നതിൽ യാസർ നയിച്ച ഗവേഷണ സംഘം വിജയിച്ചു. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ നിരവധി ദശലക്ഷം രാസ സംയുക്തങ്ങൾ പരിശോധിച്ച ശേഷമാണ് ഈ ഗവേഷകർ 72 ഫാർമസ്യൂട്ടിക്കൽ സംയുക്തങ്ങൾ കണ്ടെത്തിയത്.
ഇതിൽ രണ്ടെണ്ണം കാൻസർ കോശങ്ങളെ ചെറുക്കുന്നതിനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രോട്ടീനുകളെ ടാർഗെറ്റ് ചെയ്യുന്നതിൽ വളരെ ഫലപ്രാപ്തമാണെന്നാണ് കണ്ടെത്തൽ. ലബോറട്ടറിയിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ സംയുക്തങ്ങൾ ടി സെല്ലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.