ജിദ്ദ – ഡിജിറ്റൽ സേവനങ്ങൾ വർധിപ്പിക്കുന്നതിനും ഗുണഭോക്താവിന് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനുമായി പുതിയ സൗദി വിസാ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി അസിസ്റ്റന്റ് വിദേശ മന്ത്രി അബ്ദുൽഹാദി അൽമൻസൂരി അറിയിച്ചു. പുതിയ പ്ലാറ്റ്‌ഫോം 30 ലേറെ സർക്കാർ, സ്വകാര്യ വകുപ്പുകളെ ബന്ധിപ്പിക്കുന്നതായി രണ്ടാമത് ഡിജിറ്റൽ ഗവൺമെന്റ് ഫോറത്തിൽ പങ്കെടുത്ത് അബ്ദുൽഹാദി അൽമൻസൂരി വ്യക്തമാക്കി.
ഹജ് വിസ, വിനോദസഞ്ചാര ലക്ഷ്യത്തോടെയുള്ള വിസിറ്റ് വിസ, തൊഴിൽ വിസ, ഉംറ ഉദ്ദേശ്യത്തോടെയുള്ള വിസിറ്റ് വിസ തുടങ്ങി എല്ലായിനത്തിലും പെട്ട വിസാ നടപടികൾ എളുപ്പമാക്കാൻ 30 ലേറെ സർക്കാർ മന്ത്രാലയങ്ങളെയും അതോറിറ്റികളെയും സ്വകാര്യ മേഖലാ സ്ഥാപനങ്ങളെയും വിസാ പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിച്ചിട്ടുണ്ട്. സർക്കാർ വിസ വഴി 50 ലേറെ സർക്കാർ ഏജൻസികളെയും സ്വകാര്യ മേഖലയെയും ശാക്തീകരിക്കുന്നു. സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്താനും ലഭ്യമായ വിസകളെ കുറിച്ച് അറിയാൻ സന്ദർശകരെ സഹായിക്കുന്ന സ്മാർട്ട് സെർച്ച് എൻജിനും പ്ലാറ്റ്‌ഫോമിൽ അടങ്ങിയിരിക്കുന്നു.
വിസാ വ്യവസ്ഥകളും വിസാ അപേക്ഷകൾ സമർപ്പിക്കുന്നതിനെ കുറിച്ചും അറിയാനും വിസകൾ അവലോകനം ചെയ്യാനും വീണ്ടും അപേക്ഷിക്കലും എളുപ്പമാക്കുന്ന സന്ദർശക പ്രൊഫൈൽ തയാറാക്കാനും പുതിയ പ്ലാറ്റ്‌ഫോമിൽ സൗകര്യങ്ങളുണ്ട്. വിസിറ്റ്, ട്രാൻസിറ്റ് വിസകൾക്കുള്ള വ്യവസ്ഥകളും വിസാ അപേക്ഷാ നടപടിക്രമങ്ങളും ഒന്നാണ്. വിവരങ്ങളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും പ്ലാറ്റ്‌ഫോമിന്റെ കാര്യക്ഷമത ഉയർത്താനും നിർമിതബുദ്ധിയും നൂതന സാങ്കേതികവിദ്യകളും പ്ലാറ്റ്‌ഫോമിൽ ഉപയോഗിക്കുന്നുണ്ടെന്നും അബ്ദുൽഹാദി അൽമൻസൂരി പറഞ്ഞു.