റിയാദ്: പുതിയ റോഡ് നിർമ്മാണ രീതിയ്ക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ. പരിസ്ഥിതി സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകി കൊണ്ടുള്ള റോഡ് നിർമ്മാണ രീതിയ്ക്കാണ് സൗദിയിൽ തുടക്കമായിരിക്കുന്നത്. പൊളിച്ചെടുക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ റോഡ് നിർമ്മാണത്തിനുള്ള ടാർ (ആസ്ഫാൾട്ട്) ഉത്പാദനത്തിന് ഉപയോഗിക്കുന്നതാണ് പുതിയ രീതി. ചെലവ് കുറഞ്ഞതും ഉയർന്ന ഗുണമേന്മയുമുള്ള റോഡുകൾ നിർമ്മിക്കാൻ ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഈ പദ്ധതിയുടെ ആദ്യ പരീക്ഷണം നടന്നത് അൽ അഹ്സ ഗവർണറേറ്റിലായിരുന്നു. പൊളിച്ച കെട്ടിടങ്ങളിൽ നിന്നുള്ള ബ്ലോക്കുകൾ, കോൺക്രീറ്റ് തുടങ്ങിയവ ക്രഷ് ചെയ്തെടുത്താണ് ആസ്ഫാൾട്ട് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. റോഡ് ജനറൽ അതോറിറ്റിയും മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ നൂതന രീതിയിലുള്ള റോഡ് നിർമ്മാണം വ്യാപിപ്പിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.