ജിദ്ദ- ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്ന് ഉംറ തീർഥാടകർക്ക് മക്കയിലേക്ക് സൗജന്യ ബസ് സർവീസ് ഇപ്പോൾ ഇല്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. കഴിഞ്ഞ റമദാൻ അവസാനത്തോടെ ഇത് നിർത്തലാക്കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് കഴിഞ്ഞ റമദാനിൽ പദ്ധതി നടപ്പാക്കിയിരുന്നത്. സാമൂഹിക മാധ്യമ പ്ലാറ്റഫോമിൽ ഇത് സംബന്ധിച്ച് വന്ന ചോദ്യത്തിന് മറുപടിയായാണ് വിമാനത്താവള അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
റമദാൻ അവസാനം വരെ ജിദ്ദ വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിൽ നിന്ന് മക്കയിൽ വിശുദ്ധ ഹറമിനോടു ചേർന്നുള്ള ക്ലോക്ക് ടവർ അടങ്ങിയ കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതി പാർക്കിംഗിലേക്കും തിരിച്ചുമാണ് സൗജന്യ ബസ് സർവീസുണ്ടായിരുന്നത്. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് രാവിലെ പത്തു മുതൽ രാത്രി പത്തു വരെയും ഹറമിൽ നിന്ന് ഉച്ചക്ക് പന്ത്രണ്ടു മുതൽ അർധരാത്രി പന്ത്രണ്ടു വരെയും ഓരോ രണ്ടു മണിക്കൂറിടവിട്ടാണ് ബസ് സർവീസ് നടത്തിയിരുന്നത്. നുസുക്, തവക്കൽനാ പ്ലാറ്റ്‌ഫോമുകൾ വഴി ഉംറ പെർമിറ്റ് നേടുന്ന, സൗദിയിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള തീർഥാടകരാണ് ഈ സൗജന്യ ബസ് സർവീസ് പ്രയോജനപ്പെടുത്തിയിരുന്നത്.