റിയാദ്- റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ തിരുവല്ല സ്വദേശി ആശ ചെറിയാൻ (48) നിര്യാതയായി. ഇന്നലെ ഉച്ചക്ക് 12ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച കാട്ടുനിലം മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. അധ്യാപന രംഗത്ത് ദീർഘകാലമായുള്ള ആശ ചെറിയാൻ ആദ്യം നിലമ്പൂരിലെ പീവീസ് പബ്ലിക് സ്‌കൂളിൽ ജോലി ചെയ്തിരുന്നു. ശേഷം 2002 മാർച്ചിലാണ് റിയാദിലെത്തി അൽ യാസ്മിൻ സ്‌കൂളിൽ ചേരുന്നത്. 21 വർഷമായി ഇവിടെ സേവനം അനുഷ്ഠിക്കുകയാണ്.
കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലായിരുന്നു. അതിനിടയിലും സ്‌കൂളിൽ തൻെറ ചുമതല നിർവഹിക്കാൻ കൃത്യമായി എത്തിയിരുന്നു. വിദഗ്ധ ചികിത്സക്കായി അടുത്തിടെയാണ് നാട്ടിൽ പോയത്. ഈ മാസം 16 മുതൽ ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് എബിച്ചൻ കഴിഞ്ഞ 25 വർഷമായി റിയാദിലെ മിഡിൽ ഈസ്റ്റ് സ്‌പെഷ്യലൈസ്ഡ് കേബിൾസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. ഏക മകൾ എവ്‌ലിൻ കൊച്ചിൻ യൂനിവേഴ്‌സിറ്റിയിൽ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയും. അധ്യാപികയുടെ വിയോഗത്തിൽ അൽ യാസ്മിൻ സ്‌കൂൾ മാനേജ്‌മെന്റും സഹ അധ്യാപകരും ജീവനക്കാരും കുട്ടികളും രക്ഷിതാക്കളും അനുശോചനം രേഖപ്പെടുത്തി.