ജിദ്ദ – സൗദിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഡിസംബറിൽ ഇന്ത്യ വർധിപ്പിച്ചതായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കുന്നു. പെയ്‌മെന്റ് പ്രശ്‌നത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 11 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ തോതിലേക്ക് താന്നിരുന്നു. പെയ്‌മെന്റ് പ്രശ്‌നങ്ങൾ മൂലം റഷ്യൻ ക്രൂഡ് ഓയിൽ വഹിച്ച ആറു എണ്ണ ടാങ്കറുകൾക്ക് കഴിഞ്ഞ മാസം ഇന്ത്യൻ എണ്ണ കമ്പനികൾക്ക് എണ്ണ കൈമാറാൻ സാധിച്ചില്ല.
റഷ്യൻ ക്രൂഡ് ഓയിൽ ലഭിക്കാത്തതിനാൽ കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ പിൻവലിക്കാനും മധ്യപൗരസ്ത്യ രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാനും ഇന്ത്യൻ ഓയിൽ കോർപറേഷൻ നിർബന്ധിതമായി. റഷ്യൻ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിൽ നിന്ന് എണ്ണ വാങ്ങാൻ ഐ.ഒ.സി വാർഷിക കരാർ ഒപ്പുവെച്ചിരുന്നു. ഡിസംബറിൽ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി 16 മുതൽ 22 ശതമാനം വരെ കുറഞ്ഞു. ഇതേസമയം, സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി നാലു ശതമാനം തോതിൽ വർധിക്കുകയും ചെയ്തു.
മേയിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി സർവകാല റെക്കോർഡ് സ്ഥാപിച്ചിരുന്നു. മേയിൽ പ്രതിദിനം 21.5 ലക്ഷം ബാരൽ എണ്ണ തോതിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തു. പിന്നീട് റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയാൻ തുടങ്ങി. നവംബറിൽ പ്രതിദിനം 14.8 ലക്ഷം ബാരൽ എണ്ണ തോതിലാണ് റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഡിസംബറിൽ ഇത് 13.9 ലക്ഷം ബാരൽ തോതിലായിരുന്നു.
കഴിഞ്ഞ വർഷം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഇരട്ടിയിലേറെ വർധിച്ചിരുന്നു. പ്രതിദിനം ശരാശരി 17.9 ലക്ഷം ബാരൽ എണ്ണ തോതിലാണ് 2023 ൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതോടൊപ്പം ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ 11 ശതമാനം തോതിൽ കുറക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇറാഖിൽ നിന്ന് പ്രതിദിനം 9,08,000 ബാരൽ എണ്ണ തോതിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.