ദമ്മാം: സൗദി അറേബ്യ പ്രതിദിന എണ്ണ ഉൽപാദനത്തിൽ വരുത്തിയ കുറവ് ഈ വർഷാവസാനം വരെ തുടരുമെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു. സൗദി എണ്ണ ഉൽപാദനത്തിൽ പ്രതിദിനം പത്ത് ലക്ഷം ബാരലിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. അതേസമയം ആവശ്യമെങ്കിൽ അടുത്ത മാസം തീരുമാനം പുനഃപരിശോധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദി എണ്ണയുൽപാദനത്തിൽ കുറവ് നടപ്പാക്കാൻ ആരംഭിച്ചത് ജൂലൈ മുതലാണ്. നിലവിലെ പ്രതിദിന ഉൽപാദനമായ 90 ലക്ഷം ബാരൽ ഡിസംബർ അവസാനം വരെ തുടരും. ജൂലൈയ്ക്ക് മുമ്പ് ഇത് ഒരു കോടി ബാരലായിരുന്നിടത്താണ് കുറവ് വരുത്തിയത്. ഒപെക് പ്ലസ് കൂട്ടായ്മ പ്രഖ്യാപിച്ച ഉൽപാദന കുറവിന് പുറമെയാണ് സൗദിയുടെ വെട്ടിചുരുക്കൽ നടപടി.
ആഗോള എണ്ണ വിപണിയുടെ സ്ഥിരത, മെച്ചപ്പെട്ട വില എന്നിവ ലക്ഷ്യമിട്ടാണ് ഉൽപാദന കുറവ് നടപ്പാക്കി വരുന്നത്. എന്നാൽ ഉൽപാദനം കുറക്കാനുള്ള തീരുമാനം ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്നും മന്ത്രാലയ വ്യത്തങ്ങൾ വ്യക്തമാക്കി. സൗദിയുൾപ്പെടെയുള്ള ഉൽപാദക രാജ്യങ്ങൾ ഉൽപാദനത്തിൽ കുറവ് വരുത്താനുള്ള തീരുമാനം നീട്ടിയതോട ആഗോള എണ്ണ വിലയിൽ ഉണർവ് പ്രകടമായി. സൗദിക്ക് പുറമേ റഷ്യയും ഉൽപാദന കുറവ് വരുത്തിയിട്ടുണ്ട്. റഷ്യയുടെ പ്രതിദിന ഉൽപാദനം 50 ബാരലായാണ് ചുരുക്കിയത്.