റിയാദ്- റിയാദ് കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിൽ ഒരാഴ്ച മുമ്പ് ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയ സിറിയൻ സയാമീസ് ഇരട്ടകുട്ടികളിൽ ഒരാൾ മരിച്ചു. ഇഹ്‌സാൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. ബസ്സാം സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കൽ സംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു.
ബുധനാഴ്ചയാണ് കുട്ടി മരിച്ചത്. ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കുന്ന വിധത്തിൽ ജനവൈകല്യങ്ങളുള്ള സാഹചര്യത്തിൽ കുട്ടിയുടെ മരണം പ്രതീക്ഷിച്ചതായിരുന്നു. വൃക്കകൾ, മൂത്രാശയ, പ്രത്യുൽപാദന സംവിധാനം, ആമാശയം എന്നിവയുടെയും പ്രവർത്തനം ശരിയായ രീതിയിലായിരുന്നില്ല. ഇക്കാര്യങ്ങൾ ശസ്ത്രക്രിയക്ക് മുമ്പ് തന്നെ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. ബസ്സാമിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്. അനസ്‌തേഷ്യയിൽ നിന്ന് സുഖം പ്രാപിച്ചു വരികയാണ്. കുട്ടി മാതാപിതാക്കളോട് സാധാരണപോലെ ഇടപഴകാൻ തുടങ്ങിയിട്ടുണ്ട്.