ജിദ്ദ- സൗദി ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ സവാളക്ക് വൻ വിലക്കയറ്റം. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്ത്യ കയറ്റുമതി അവസാനിപ്പിച്ച സാഹചര്യത്തിലാണ് ഈ വിലക്കയറ്റം ഉണ്ടായത്. സൗദിയിൽ 9 മുതൽ 11 റിയാൽ വരെയാണ് ഒരു കിലോ സവാളയുടെ കഴിഞ്ഞ ദിവസത്തെ വില. പച്ചക്കറി മാർക്കറ്റുകളിലും വില വർദ്ധിക്കുകയാണ്. അടുത്ത മാർച്ച് വരെയാണ് ഇന്ത്യ ഉള്ളി കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള ലോക്സഭയുടെ കാലാവധി മൂന്നു മാസത്തിനകം അവസാനിക്കാനിരിക്കെ, തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
ഉള്ളിക്ക് വില കൂടിയാൽ അത് തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ ബാധിക്കാനിടയുണ്ട്. ഈ സഹചര്യം കണക്കിലെടുത്താണ് ഉള്ളിയുടെ കയറ്റുമതിയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ ഒരു കിലോ ഉള്ളിക്ക് 200 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. ഇന്ത്യയുടെ കയറ്റുമതി നിരോധനം പ്രത്യാഘാതമുണ്ടാക്കിയെന്ന് ധാക്കയിൽനിന്നുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.