റിയാദ്- ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദർശക വിസകൾ ഓൺലൈനിൽ പുതുക്കാൻ സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. അബ്ശിർ, മുഖീം പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പുതുക്കേണ്ടതെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.
180 ദിവസം വരെ ഓൺലൈനിൽ പുതുക്കാൻ സാധിക്കും. വിസ നീട്ടുന്നതിന് പാസ്‌പോർട്ടൊന്നിന് 100 റിയാൽ ആണ് ഫീസ് അടക്കേണ്ടത്. മൾട്ടിപ്പിൾ വിസക്ക് മൂന്നു മാസത്തേക്ക് ഹെൽത്ത് ഇൻഷുറൻസ് എടുക്കണം. വിസ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഓൺലൈൻ വഴിയാണ് നൽകേണ്ടത്. ഇതിന് ജവാസാത്ത് ഓഫീസ് സന്ദർശിക്കേണ്ടതില്ല. എന്നാൽ മൾട്ടിപ്ൾ എൻട്രി വിസകൾ ചില സമയങ്ങളിൽ ഓൺലൈൻ വഴി പുതുക്കാൻ സാധിക്കില്ല. അവർ തവാസുൽ വഴി അപേക്ഷ നൽകണമെന്ന് ജവാസാത്ത് ആവശ്യപ്പെട്ടു.
180 ദിവസം വരെ മാത്രമേ ഓൺലൈനിൽ പുതുക്കുകയുള്ളൂ. 180 ദിവസത്തിന് ശേഷം ഓൺലൈനിൽ പുതുക്കാൻ സാധിക്കാത്തതിനാൽ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടന്ന് തിരിച്ചുവരേണ്ടിവരും. നേരത്തെ ഓരോ മൂന്നു മാസവും സൗദി അറേബ്യക്ക് പുറത്ത് പോയി തിരിച്ചുവരേണ്ടിയിരുന്നു. സിംഗിൾ എൻട്രിയും മൾട്ടിപ്ൾ എൻട്രിയും ഓൺലൈനിൽ ഇപ്പോൾ പുതുക്കാം. സിംഗിൾ എൻട്രി ഓരോ 30 ദിവസത്തിനുള്ളിലും മൾട്ടിപ്ൾ എൻട്രി ഓരോ 90 ദിവസത്തിനുള്ളിലുമാണ് പുതുക്കേണ്ടത്. കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് ജവാസാത്തിൽ നിന്ന് സന്ദേശമെത്തും. അപ്പോഴാണ് പുതുക്കൽ നടപടി ആരംഭിക്കേണ്ടത്.