റിയാദ്: ജിദ്ദയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക കോർപറേഷൻ (ഒ.ഐ.സി) അടിയന്തിര യോഗം ചേരുന്നു. സൗദി വിളിച്ചുചേർത്ത യോഗത്തിൽ ഇറാൻ, തുർക്കി, ഈജിപ്ത്, ഫലസ്തീൻ, ഖത്തർ എന്നീ രാജ്യങ്ങൾ പങ്കെടുക്കും. ഇസ്രായേലിന്റെ കൂട്ടക്കൊല തുടരുന്നതിനിടെയാണ് 57 രാജ്യങ്ങൾ ജിദ്ദയിൽ ഒത്തുചേരുന്നത്. നിലവിലെ സാഹചര്യത്തിൽ യോഗം നിർണായകമാണ്.
ഇറാൻ- ഇറാഖ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ യോഗം ചേരാൻ ആവശ്യപെട്ടിരുന്നു. ഗസ്സയിലേക്ക് അടിയന്തിര സഹായമെത്തിക്കൽ, സാധാരണക്കാരുടെ സുരക്ഷ എന്നിവ ചർച്ചയാകും. യുദ്ധം ലെബനനിലേക്കും ഇറാനിലേക്കും പടർന്നേക്കുമെന്ന ഭീതി പശ്ചിമേഷ്യയിലുണ്ട്. ഈ നിലയ്ക്കും യോഗം നിർണായകമാണ്.
ഗസ്സക്കൊപ്പം നിൽക്കുന്ന കാര്യത്തിൽ ഇസ്‍ലാമിക രാജ്യങ്ങളുടെ ഐക്യം പ്രകടമാണ്. ഇത് യു.എസിനും കൃത്യമായറിയാം. അതിനാലാണ് ഇസ്രായേലിന് മേൽ നേരത്തേതിൽ നിന്നും ഭിന്നമായി യു.എസിന്റെ സ്വരം മയപ്പെടുന്നത്. 57 രാജ്യങ്ങളുടെ അംഗത്വമുള്ള ഒ.ഐ.സി യു.എൻ കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ സംഘടനയാണ്. ഇതിനാൽ തന്നെ കൂട്ടായ നീക്കം സമ്മർദ്ദം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.