ജിദ്ദ: സൗദി അറേബ്യയിലെ റോഡുകളിലൂടെ അലക്ഷ്യമായി നടക്കുന്നവരെയും നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ റോഡ് മുറിച്ചുകടക്കുന്നവരെയും കാത്തിരിക്കുന്നത് വലിയ പിഴ. സീബ്ര ലൈനുകൾ ഇല്ലാത്ത, തിരക്കേറിയ റോഡുകൾ മുറിച്ചുകടക്കുന്നവർക്ക് ആയിരം റിയാൽ വരെയാണ് പിഴ ചുമത്തുന്നത്.
ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കുന്നവരുടെ ഇഖാമ(താമസരേഖ)വാങ്ങി ഫോട്ടോ എടുത്താണ് പിഴ ചുമത്തുന്നത്. പിഴ പിന്നീട് അബ്ഷിറിൽ പ്ലാറ്റഫോമിൽ അപ്‌ഡേറ്റ് ചെയ്യും. ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കുന്നവരുടെ പേരിൽ പിഴ ചുമത്തുമെന്ന് ഏതാനും മാസം മുമ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതലാണ് ഈ നിയമം നടപ്പാക്കി തുടങ്ങിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാൽനട യാത്രക്കാരിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പിഴ ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. സൗദിയിൽ വിവിധ തരം നിയമലംഘനങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം വിവിധ വകുപ്പുകൾ പുറത്തുവിട്ടിരുന്നു. വസ്ത്രങ്ങൾ അലക്കാനിട്ടും വീട്ടുപകരണങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ടും കെട്ടിടങ്ങളുടെ ബാൽക്കണികൾ വൃത്തികേടാക്കിയാൽ കെട്ടിടയുടമക്ക് 200 റിയാൽ മുതൽ ആയിരം റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ്, ഹൗസിംഗ് മന്ത്രാലയം വ്യക്തമാക്കി.
ബാൽക്കണികളിൽ കെട്ടിടത്തിന്റെ ഭംഗിക്ക് നിരക്കാത്ത വിധത്തിൽ ഹാംഗറുകളോ മറ്റു വസ്തുക്കളോ വെക്കുന്നതിനും നിരോധനംഏർപെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ മുകൾ ഭാഗം ഒരു പരിധിയിലധികം മറച്ച് കേട്ടാൽ പാടില്ല.
സാറ്റലൈറ്റ് ഉപകരണങ്ങൾ ബാൽക്കണിയിലോ കെട്ടിടത്തിന്റെ മുൻഭാഗങ്ങളിലോ സ്ഥാപിക്കരുത്. കെട്ടിടത്തിന്റെ പരിധിക്ക് പുറത്ത് കുടകളോ ഹാംഗറുകളോ പാടില്ല. ഇതിനെല്ലാം 200 റിയാൽ മുതൽ 10000 റിയാൽ വരെ പിഴകളാണ് മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. നിയമലംഘനങ്ങൾ ഗുരുതരം, ഗുരുതരമല്ലാത്തത് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പുതുക്കിയ പട്ടിക പുറത്തിറക്കിയത്. മനുഷ്യന്റെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ പൊതുജനാരോഗ്യത്തിനോ ദോഷം വരുത്തുന്നവയാണ് ഗുരുതരമായ നിയമലംഘനങ്ങളിൽ പട്ടിക പെടുത്തിയിരിക്കുന്നത്.