വീട്ടിൽ വളർത്തുന്ന പെൺ സിംഹത്തിന്റെ ആക്രമണത്തിൽ രണ്ടു സൗദി യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. യുവാക്കളുടെ കൈ സിംഹം കടിച്ചുമുറിച്ചു. സിംഹം അപ്രതീക്ഷിതമായി വീട്ടുടമയെ ആക്രമിക്കുകയായിരുന്നു. യുവാവിന്റെ കൈ കടിച്ചു മുറിക്കാൻ ശ്രമിച്ച സിംഹം യുവാവിനെ നിലത്ത് തള്ളിയിട്ട് കൈയ്യിൽ ആഞ്ഞു കടിക്കുകയായിരുന്നു.
ആക്രമണം കണ്ടു ഓടിയെത്തിയ കൂട്ടുകാർ സിംഹത്തിൽ നിന്ന് യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചു. ഇതോടെ സിംഹത്തിന്റെ ആക്രമണം ഇവർക്ക് നേരെയായി. വലിയ വടികളും ഇരുമ്പ് ഊന്നു വടികളും അടക്കം കൈയ്യിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് സിംഹത്തെ അടിച്ചെങ്കിലും കടി വിട്ടില്ല. സിംഹത്തിന്റെ തലയിലും ദേഹത്തും അടിച്ചെങ്കിലും സിംഹം ആക്രമണത്തിൽ നിന്നും പിന്മാറിയില്ല.
ഏറെ നേരത്തെ ശ്രമത്തിനു ശേഷമാണ് സിംഹത്തിന്റെ വായിൽ നിന്നും കൈ പുറത്തെടുത്തത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിംഹം യുവാക്കളെ ആക്രമിക്കുന്നതിന്റെയും ഇവരെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിക്കുന്നതിന്റെയും സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തുവന്നു.