റിയാദ്- റിയാദ് എക്‌സിറ്റ് 9 ലെ ദി അറീന റിയാദില്‍ ലോക പ്രശസ്ത തിയേറ്റര്‍ ഷോ ഫാന്റം ഓഫ് ദ ഒപ്പറ ആരംഭിച്ചു. 54 ദിവസം നീണ്ടു നിൽക്കുന്ന ഷോ ഡിസംബര്‍ അഞ്ചിനാണ് സമാപിക്കുന്നത്.
റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റിയുടെ ലൈഫ്‌സ്‌റ്റൈല്‍ സെക്ടറിന്റെ നേതൃത്വത്തിലാണ് അന്തര്‍ദേശീയ മ്യൂസിക്കല്‍ തിയറ്റര്‍ ഷോ നടക്കുന്നതെന്നും നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും വിനോദ സാംസ്‌കാരിക മേഖലയില്‍ വൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള അവസരമാണിതെന്നും റോയല്‍ കമ്മീഷനിലെ ലൈഫ്‌സ്‌റ്റൈല്‍ സെക്ടറിന്റെ സൂപ്പര്‍വൈസര്‍ ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഹസാനി വ്യക്തമാക്കി. സില്‍വര്‍ 250 റിയാല്‍, ഗോള്‍ഡ് 450 റിയാല്‍, പ്ലാറ്റിനം 650 റിയാല്‍, വിഐപി 850 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. തിയേറ്റര്‍ പ്രൊഡ്യൂസറായ ബ്രോഡ്‌വേ എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പ്, റിയലി യൂസ്ഫുള്‍ ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ച് നൂറിലധികം കലാകാരന്മാരാണ് ഈ നാടകത്തിന്റെ ഭാഗമാകുന്നത്. വൈകുന്നേരം ഏഴു മണിക്കാണ് പ്രദര്‍ശനം ആരംഭിക്കുന്നത്.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ പാരീസില്‍ ആവിഷ്‌കരിച്ച ഗാസ്റ്റണ്‍ ലെറോക്‌സിന്റെ ലെ ഫാന്റം ഡി എല്‍ ഓപ്പറ എന്ന ക്ലാസിക് നോവലിനെ അടിസ്ഥാനമാക്കിയുള്ള ദി ഫാന്റം എന്നറിയപ്പെടുന്ന ഒരു പ്രേത സംഗീത പ്രതിഭയുടെ കഥയാണ് പാരീസ് ഓപ്പറ ഹൗസ് പറയുന്നത്. ക്രിസ്റ്റീന്‍ എന്ന യുവതിയെ തന്റെ വിദ്യാര്‍ഥിനിയാക്കാന്‍ ശ്രമിച്ച റൗള്‍ പിന്നീട് അവളുമായി പ്രണയത്തിലാവുന്നു. അസൂയയും ഭ്രാന്തും വികാര വിചാരങ്ങളും ഏറ്റുമുട്ടുന്ന കഥയാണിത്. ‘ഫാന്റം ഓഫ് ദി ഓപ്പറ’ 1986 ല്‍ ലണ്ടനിലെ വെസ്റ്റ് എന്‍ഡിലാണ് ആദ്യം അരങ്ങേറിയത്. ബ്രോഡ്‌വേയില്‍ 13,900ലധികം പ്രകടനങ്ങള്‍ നടത്തി. 160 ദശലക്ഷത്തിലധികം ആളുകള്‍ അത് കണ്ടു. ഈ നാടകം 70ലധികം നാടക അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.