നജ്‌റാൻ- സൗദിയുടെ തെക്കൻ പ്രവിശ്യയായ നജ്‌റാനിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഫീൽഡ് പരിശോധന വിഭാഗം നടത്തിയ പരിശോധനകളിൽ ഗുരുതര നിയമലംഘനങ്ങൾക്ക് സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന പത്തോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി ആരോഗ്യ വകുപ്പു വക്താവ് അറിയിച്ചു.
2023 ജനുവരി മുതൽ നജ്‌റാൻ പ്രവിശ്യയിലെ മെഡിക്കൽ സെന്ററുകളിലും ക്ലിനിക്കുകളിലും ലാബുകളിലും പ്രകൃതി ചികിത്സാ കേന്ദ്രങ്ങളിലും ലെൻസ് ഷോപ്പുകളിലും നടത്തിയ 1273 പരിശോധനകൾ വഴി 153 നിയമലംഘനങ്ങൾ കണ്ടെത്തുകയും പത്തോളം മെഡിക്കൽ സെന്ററുകൾ ലൈസൻസ് പുതുക്കുന്നതിനാവശ്യമായ നിബന്ധനകൾ പൂർത്തിയാക്കുന്നതു വരെ അടപ്പിക്കുകയുമായിരുന്നു.
അതേസമയം നജ്‌റാൻ പ്രവിശ്യയിലെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും പ്രത്യേക പരിശോധന സമിതിയുടെ മിന്നൽ പരിശോധനയുണ്ടായിരിക്കുമെന്ന് സൗദി ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാത്ത മുഴുവൻ സ്ഥാപനങ്ങൾക്കെതിരിലും ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.