ദമ്മാം: സൗദിയിൽ വൈദ്യുതി വിതരണത്തിൽ വീഴ്ച വരുത്തിയാൽ ദാതാവ് ഉപഭോക്താക്കൾക്ക് നഷടപരിഹാരം നൽകണം. പരിഷ്‌കരിച്ച ഉപഭോക്തൃ അവകാശസംരക്ഷണ നിയമമനുസരിച്ചാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളത്. പണമടച്ചാൽ വിച്ഛേദിച്ച കണക്ഷൻ രണ്ട് മണിക്കൂറിനകം പുനഃസ്ഥാപിക്കണം. അല്ലാത്ത പക്ഷം വൈകുന്ന ഓരോ മണിക്കൂറിനും 100 റിയാൽ വീതം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം.
സൗദിയിൽ വൈദ്യുതി ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരിഷ്‌കരിച്ച നിയമമനുസരിച്ചാണ് നഷ്ടപരിഹാരത്തിന് അർഹത ലഭിക്കുന്നത്. വാട്ടർ ആന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയാണ് പുതുക്കിയ ഗൈഡ് പുറത്തിറക്കിയത്. ഗൈഡനുസരിച്ച് ബില്ല് അടക്കാത്തതിന്റെ പേരിൽ വൈദ്യുതി വിച്ഛേദിച്ച ശേഷം ബില്ല് അടച്ചാൽ രണ്ട് മണിക്കൂറിനകം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണം. അല്ലാത്ത പക്ഷം വൈകുന്ന ഓരോ മണിക്കൂറിനും ഉപഭോക്താവിന് 100 റിയാൽ വിതം ദാതാവ് നഷ്ടപരിഹാരം നൽകണം.
വർഷത്തിൽ രണ്ട് തവണയിൽ കൂടുതൽ വൈദ്യുതി സ്തംഭിക്കുകയും ഇത് രണ്ട് മണിക്കൂറിൽ കൂടുകയും ചെയ്താൽ ഉപഭോക്താവിന് ദാതാവ് നഷ്ടപരിഹാരം നൽകണം. ഇത്തരം സാഹചര്യങ്ങളിൽ 400 റിയാൽ വീതം നഷ്ടപരിഹാരം നൽകണം. ഇത് ഓട്ടോമാറ്റിക്കായാണ് ഉപഭോക്താവിന് ലഭിക്കുന്നത്.