റിയാദ് – ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉൽപന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ (ഡബ്ല്യുഎസ്എസ്വി) സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
അതിർത്തി കടന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോത്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിർദേശിച്ചതായി അതോറിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. സാമ്പിളുകളുടെ പരിശോധനയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീൻ ഉൽപന്നങ്ങളിൽ ഡബ്ല്യു.എസ്.എസ്.വി അടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ അതോറിറ്റി തീരുമാനിച്ചത്.
സൗദി അറേബ്യയിലെ ഫിഷറീസിലേക്ക് ഡബ്ല്യു.എസ്.എസ്.വി പകരാതിരിക്കാൻ, രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ മതിയായ ഗ്യാരണ്ടി നൽകുന്നതുവരെ നിരോധനം തുടരുമെന്ന് എസ്എഫ്ഡിഎ അറിയിച്ചു.
പെനൈഡ് ചെമ്മീനിന്റെ വൈറൽ അണുബാധയാണ് വൈറ്റ് സ്പോട്ട് സിൻഡ്രോം. ഈ രോഗം വളരെ മാരകവും പകരുന്നതുമാണ്, ഈ രോഗം ചെമ്മീനുകളെ വേഗത്തിൽ നശിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് മനുഷ്യന്റെ ആരോഗ്യത്തിനോ ഭക്ഷ്യസുരക്ഷയ്ക്കോ ഭീഷണിയുണ്ടാക്കുന്നില്ല.