മക്ക: റമസാനിൽ മക്കയിലേക്കുള്ള തീർഥാടകരുടെയും സന്ദർശകരുടെയും തിരക്ക് വർധിച്ച സാഹചര്യത്തിൽ ഹറമിലെ തിരക്ക് കുറയ്ക്കാൻ ഹറം പരിധിക്കുള്ളിലെ ഏത് പള്ളിയിലും നമസ്കാരം നിർവഹിക്കാമെന്ന് ജനങ്ങളോട് ഹജ് ഉംറ മന്ത്രാലയം അറിയിച്ചു.
അതേസമയം ഹറമിലെ തിരക്ക് കുറയ്ക്കാൻ ‘മക്ക മുഴുവനും ഹറം ആണ്’ എന്ന തലക്കെട്ടിൽ മക്ക, മശാഇർ റോയൽ കമീഷൻ ബോധവത്കരണവും ആരംഭിച്ചു. ഹറം അതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്ന മക്ക നഗരത്തിലെ എല്ലാ പള്ളികളിലും വെച്ചുള്ള പ്രാർഥനക്ക് ഇരട്ടി പ്രതിഫലമുണ്ടെന്നും അതോറിറ്റി സൂചിപ്പിച്ചു. മക്കയുടെ വടക്കുഭാഗത്തേക്ക് അഞ്ച് കിലോമീറ്ററും പടിഞ്ഞാറ് ജിദ്ദ ഗവർണറേറ്റിലേക്ക് 18 കിലോമീറ്ററും തെക്ക് അറഫയുടെ ഭാഗത്തേക്ക് ഹറമിൽനിന്ന് 20 കിലോമീറ്റർ വരെയും, മക്കയുടെ കിഴക്ക് പതിനാലര കിലോമീറ്ററും നീണ്ടുകിടക്കുന്നതാണ് ഹറം അതിർത്തി.