റിയാദ്: രാജ്യത്തെ പ്രീമിയം ഇഖാമകൾക്കുള്ള അപേക്ഷകളിൽ വർധനവുണ്ടായതായി സൗദി അറേബ്യ. 2024ലും 2025ലുമായി നാൽപ്പതിനായിരം അപേക്ഷകൾ ലഭിച്ചതായാണ് പ്രീമിയം റെസിഡൻസി പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നത്. ആഗോള പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിക്കുള്ള മികച്ച പ്രതികരണമാണിതെന്നും അധികൃതർ അറിയിച്ചു. ഉയർന്ന മൂല്യമുള്ള വ്യക്തികൾക്ക് സ്‌പോൺസറുടെ ആവശ്യമില്ലാതെ സൗദിയിൽ താമസിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും അനുവാദം നൽകുന്നതാണ് പ്രീമിയം റെസിഡൻസി പെർമിറ്റ്.
അപേക്ഷകളിൽ എണ്ണായിരത്തിലധികം പേർക്ക് പ്രീമിയം ഇഖാമകൾ അനുവദിച്ചു. അസാധാരണ പ്രതിഭാ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പ്രീമിയം ഇഖാമകൾ അനുവദിച്ചത്. 5,578 പെർമിറ്റുകളാണ് ഇത്തരത്തിൽ അനുവദിച്ചത്. പ്രതിഭ വിഭാഗത്തിൽ 348 പെർമിറ്റുകളാണ് അനുവദിച്ചത്. ബാക്കിയുളളവ റിയൽ എസ്റ്റേറ്റ് ഉടമസ്ഥത, സംരംഭകത്വം, ബിസിനസ് നിക്ഷേപം എന്നീ വിഭാഗങ്ങളിലാണ് അനുവദിച്ചിരിക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷമാണ് സൗദിയിൽ പ്രീമിയം റെസിഡൻസി അനുവദിക്കുന്നതിനുള്ള വിഭാഗങ്ങളെ രണ്ടിൽ നിന്നും ഏഴെണ്ണമായി വർദ്ധിപ്പിച്ചത്. അസാധാരണ പ്രതിഭ, പ്രതിഭ, ബിസിനസ് നിക്ഷേപകൻ, സംരംഭകൻ, റിയൽ എസ്റ്റേറ്റ് ഉടമ, ലിമിറ്റഡ്, അൺലിമിറ്റഡ് ഡ്യൂറേഷൻ പ്രീമിയം റെസിഡൻസി എന്നിവയാണ് വിഭാഗങ്ങൾ.