തെക്കൻ പ്രവിശ്യയായ അസീറിൽ മഴവെള്ളപ്പാച്ചിലിൽ വാഹനം മുങ്ങിയുണ്ടായ അപകടത്തിൽ ഒരു സ്കൂൾ പ്രിൻസിപ്പലും ഭാര്യയും രണ്ട് പെൺമക്കളും മരിച്ചു. 11 വയസ്സുള്ള മകൻ മാത്രം രക്ഷപ്പെട്ടു. സിവിൽ ഡിഫൻസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് അസീർ പ്രവിശ്യയിലെ അൽ ബാർക് ഗവർണറേറ്റ് പരിധിയിലെ അംക് പട്ടണത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ നിരവധി വാഹനങ്ങൾക്കൊപ്പം ഈ കുടുംബം സഞ്ചരിച്ച വാഹനവും ഒലിച്ചുപോയത്. പ്രദേശത്തെ അൽ ബയ്ഹഖി സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ മുഈദ് അൽ സഹ്റാനിയും കുടുംബവുമാണ് അപകടത്തിൽപെട്ടത്. വെള്ളം കവിഞ്ഞൊഴുകുന്ന റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം തെന്നി ശക്തമായ ഒഴുക്കിൽപെടുകയും 10 കിലോമീറ്റർ അകലേക്ക് ഒലിച്ചുപോവുകയുമായിരുന്നു.
ഉടൻ സിവിൽ ഡിഫൻസിന് കീഴിലുള്ള റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. 11 വയസ്സുള്ള മകനെ രക്ഷിക്കാനായി. ശേഷം മൃതദേഹങ്ങളും കണ്ടെത്തി. ഈ ഗവർണറേറ്റ് പരിധിയിലെ അംക്, അൽ ഖൗസ്, അൽ ബിർക് എന്നീ ഡിസ്ട്രിക്ടുകളിൽ ഇപ്പോഴും മഴ ശക്തമായി തുടരുകയാണ്.