സൗദി അറേബ്യയിൽ തൊഴിൽനിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി. കഴിഞ്ഞ ആറു മാസത്തിനിടെ 1,07,000 ലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തിൽ വീഴ്ച വരുത്തിയ 88,000 സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി. ഈ വർഷം ആറ് മാസത്തിനിടെ രാജ്യത്താകമാനമുള്ള സ്വകാര്യസ്ഥാപനങ്ങളിൽ ഏഴ് ലക്ഷം പരിശോധനകളാണ് നടത്തിയത്. തൊഴിലുടമ പ്രതിമാസ വേതനസംരക്ഷണ രേഖകൾ സമർപ്പിക്കാതിരിക്കുക, മന്ത്രാലയം നിർദേശങ്ങൾ പാലിക്കുന്നതിലുള്ള നിരക്ക് സംബന്ധിച്ച രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെടുക എന്നിവയുമായി ബന്ധപ്പെട്ട 59,800 ലംഘനങ്ങൾ പിടികൂടിയതായും മന്ത്രാലയം വിശദീകരിച്ചു. തൊഴിലാളികളുടെ വേതനം അവരുടെ നിശ്ചിത തീയതികളിൽ നൽകാതിരിക്കുക, തൊഴിലാളിയുടെ വേതനം തടഞ്ഞുവെക്കുക, നിയമപരമായ പിന്തുണയില്ലാതെ ഒരു ഭാഗം നൽകുക തുടങ്ങിയവയുമായി ബന്ധപ്പെട്ട 16,200 ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.