ജിദ്ദ: ജിദ്ദ നഗരത്തിലെ വാണിജ്യ കേന്ദ്രങ്ങളിലുള്ള കെട്ടിടങ്ങൾക്കായി നഗരസഭ കർശന നിയമങ്ങളും വ്യവസ്ഥകളും പുറത്തിറക്കി. കെട്ടിടങ്ങളുടെ പുറംഭംഗി, സുരക്ഷ എന്നിവ കണക്കിലെടുത്താണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുത്താൻ തീരുമാനിച്ചത്. ഇവ പാലിക്കാത്ത കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കെട്ടിടങ്ങൾക്ക് റോഡിലേക്ക് തുറക്കുന്ന തരത്തിൽ ജനലുകളുണ്ടാവരുത്, കെട്ടിടങ്ങളുടെ പുറത്ത് ഭംഗി നഷ്ടമാക്കുന്ന തരത്തിലുള്ള ഒന്നും സ്ഥാപിക്കരുത്. സ്പ്ലിറ്റ് എയർ കണ്ടീനുകളുടെ ഔട്ട് ഡോർ യൂണിറ്റ് റോഡിൽ നിന്ന് കാണുന്ന തരത്തിലാകരുത്. പുറംഭിത്തികളിൽ പൊട്ടലുകളോ പൂപ്പൽ പിടിച്ച വസ്തുക്കളോ കാണാൻ പാടില്ല. ബാൽക്കണികളിൽ സാറ്റലൈറ്റ് ഡിഷുകൾ സ്ഥാപിക്കരുത് തുടങ്ങിയ വ്യവസ്ഥകളാണ് പ്രധാനമായുമുള്ളത്.
കെട്ടിടത്തിന്റെ അതിരിനുള്ളിൽ മാത്രമേ പൂന്തോട്ടങ്ങൾ സ്ഥാപിക്കാവൂ. ബാൽക്കണികളിൽ തുണി അലക്കിയിടാനോ മറ്റു സാധനങ്ങൾ സൂക്ഷിക്കാനോ പാടില്ലെന്നും വ്യവസ്ഥയുണ്ട്. കെട്ടിടങ്ങളുടെയും വ്യാപാര കേന്ദ്രങ്ങളുടെയും സുരക്ഷ, റോഡിന്റെയും കെട്ടിടത്തിന്റേയും ഭംഗി നിലനിർത്തൽ എന്നിവ മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തിയത്.