ദമ്മാം: രാജ്യത്തെ 25 നഗരങ്ങളിൽ പൊതുഗതാഗത സമ്പ്രദായം നടപ്പാക്കുമെന്ന് സൗദി അറേബ്യ. ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അൽ ഹസ, അസീർ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലും പദ്ധതി ഉടൻ നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
പൊതു ഗതാഗത പദ്ധതികളിലേക്ക് ജനങ്ങളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ 16 നഗരങ്ങളാണ് നിലവിൽ പൊതുഗതാഗത പദ്ധതിക്ക് കീഴിലുള്ളത്. ഇത് 25 ആയി ഉയർത്തുകയാണ് ലക്ഷ്യമെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്സ് സഹ മന്ത്രി ഡോക്ടർ റുമൈഹ് അൽ റുമൈഹ് വ്യക്തമാക്കി.
പൊതുഗതാഗത സേവനങ്ങൾ ആവശ്യമുള്ള ഏതൊരു നഗരത്തിലും അവ നൽകുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഗതാഗത പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.