ദമ്മാം: ന്യൂനമർദ്ദത്തെ തുടർന്ന് സൗദിയിലും ശക്തമായ മഴ രേഖപ്പെടുത്തി. കിഴക്കൻ സൗദിയിലും വടക്കൻ പ്രവിശ്യകളിലും റിയാദ്, താഇഫ് ഭാഗങ്ങളിലുമാണ് ശക്തമായ മഴയനുഭവപ്പെട്ടത്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു.
ശക്തമായ മഴയിൽ കിഴക്കൻ പ്രവിശ്യിൽപലയിടത്തും വെള്ളം കയറി. മഴമുന്നറിയിപ്പിന് പിന്നാലെയാണ് ശക്തമായ മഴ. ന്യൂനമർദ്ദത്തെതുടർന്ന് സൗദിയിലുടനീളം ശക്തമായ മഴയെത്തുമെന്ന മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കിഴക്കൻ പ്രവിശ്യയിലും റിയാദ്, വടക്കൻ മേഖലകളിലും മഴ ശക്തമായത്. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിച്ചു.
ഇടിമിന്നലോട് കൂടിയ മഴയാണ മിക്കയിടങ്ങളിലും അനുഭവപ്പെട്ടത്. ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പ്രധാന ഹൈവേകളിലെ ടണലുകൾ മുൻകരുതലിന്റെ ഭാഗമായി അടിച്ചിട്ടതിനാൽ റോഡുകളിൽ ഗതാഗത തടസ്സവും നേരിട്ടു. മഴയെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി നൽകി. താഇഫിലെ ഹദ്ദ ചുരത്തിൽ മഴയെ തുടർന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തി.