സൗദിയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക, മദീന റിയാദ്, വടക്കൻ അതിർത്തി പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ അൻപത് കിലോമീറ്റർ വരെ വേഗതയിലാകും പൊടിക്കാറ്റ് അനുഭവപ്പെടുകയെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.
ജസാൻ, അബഹ ഖമീസ് മുശൈത്ത്, മഹാഇൽ, അൽബഹ, മക്ക, മദീന, താഇഫ്, റിയാദ്, കിഴക്കൻ പ്രവിശ്യയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാലാവസ്ഥാ മാറ്റം അനുഭവപ്പെടും.
തിങ്കളാഴ്ച മുതൽ അനുഭവപ്പെടുന്ന മാറ്റം വ്യാഴാഴ്ച വരെ തുടരും. രാജ്യം ശൈത്യത്തിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുന്നുണ്ട്. റിയാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താപനിലയിൽ വലിയ കുറവും അനുഭവപ്പെടുന്നുണ്ട്.