റിയാദ്- സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും(തിങ്കൾ) മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിന്റെ സാന്നിധ്യത്തിൽ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. അൽബാഹ, അസീർ, ജിസാൻ, നജ്‌റാൻ, റിയാദിന്റെ ചില ഭാഗങ്ങൾ, കിഴക്കൻ മേഖലയുടെ ദക്ഷിണ ഭാഗം എന്നിവടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ചില മേഖലകളിൽ കനത്ത മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. ഇന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും ഉയർന്ന താപനിലകൾ മക്ക 30 ഡിഗ്രി, മദീന 28, റിയാദ് 29, ജിദ്ദ 29, ദമാം 21 എന്നിങ്ങനെയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ(ഞായർ) ഇടിമിന്നലോട് കൂടി മഴ പെയ്തിരുന്നു. റിയാദ്, കിഴക്കൻ പ്രവിശ്യ, ഹായിൽ, മക്ക, അസീർ, ജിസാൻ എന്നിവിടങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. റിയാദിൽ ഞായറാഴ്ച രാവിലെ തന്നെ അന്തരീക്ഷം മേഘാവൃതമായിരുന്നു. റോഡുകളിൽ ചെറിയ തോതിൽ വെള്ളക്കെട്ടുണ്ടായി. നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു മഴയുളള സമയത്ത് വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
								
															
															
															






