റിയാദ്: സൗദിയുടെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മഴയെത്തിയത്. കിഴക്കൻ പ്രവിശ്യയിലും റിയാദ്, തബൂക്ക്, ഹാഇൽ ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ഇന്നലെയും ഇന്നുമായി ലഭിച്ചത്. കനത്ത മഴയുടെ പശ്ചാതലത്തിൽ ജനങ്ങളോട് ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്നലെയും ഇന്നുമായി പെയ്തൊഴിഞ്ഞത്. ശക്തമായ കാറ്റോട് കൂടിയെത്തിയ മഴയിൽ റോഡുകളിലും അണ്ടർപാസുകളിലും വെള്ളം നിറഞ്ഞു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളും അണ്ടർപാസുകളും ട്രാഫിക് വിഭാഗം അടച്ചിട്ടത് നീണ്ട ഗതാഗത തടസ്സത്തിന് ഇടയാക്കി.
യു.എ.ഇ സൗദി അതിർത്തിയായ ബത്ഹയിൽ മഴ വെള്ളപ്പാച്ചിലിൽ വാഹനങ്ങൾ ഒലിച്ചുപോയി. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തബൂക്ക് ഹാഇൽ, മക്ക ഭാഗങ്ങളിലും മഴയെത്തിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കിഴക്കൻ പ്രവിശ്യയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ കമ്പനികളിലും ഇന്ന് ഹാജർ നില കുറവായിരുന്നു. ബുധനാഴ്ച വരെ രാജ്യത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളപൊക്ക സാധ്യതയുള്ള ഇടങ്ങളിലും താമസിക്കുന്നവർ ജാഗ്രതപാലിക്കുവാൻ സിവിൽ ഡിഫൻസും മുന്നറിയിപ്പ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.