ജിദ്ദ-സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും ഇന്ന് ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ശക്തമായ മഴ അടുത്ത ആഴ്ച വരെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. അടുത്ത ആഴ്ച രാജ്യത്തെ പുതിയ മഴ തരംഗം ബാധിക്കുമെന്നും പുതിയ പ്രദേശങ്ങൾ ഉൾപ്പെടെ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും നിരീക്ഷണ വിഭാഗം വ്യക്തമാക്കി.
കിഴക്കൻ ജിസാൻ, അസീർ, അൽ-ബഹ, മക്കയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും ശനിയാഴ്ച ഉച്ചയ്ക്കും വൈകുന്നേരവും ക്യുമുലസ് മേഘങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും. തായിഫ് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴക്കൊപ്പം ഇടിമിന്നിലിനും സാധ്യതയുണ്ട്. മഴ ക്രമേണ കിഴക്കൻ മേഖലയ്ക്ക് പുറമേ, നജ്‌റാൻ മേഖലയുടെയും റിയാദ് മേഖലയുടെയും ചില ഭാഗങ്ങളിലേക്കും വ്യാപിക്കും.