റിയാദ് – റമദാൻ, ഈദ് അൽ-ഫിത്തർ ഡിസ്കൗണ്ട് സീസൺ ഫെബ്രുവരി 20 മുതൽ ആരംഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 14 വരെയാണ് ഈ ഡിസ്‌കൗണ്ട് പ്രാബല്യത്തിൽ ഉള്ളത്.
വാണിജ്യ സ്ഥാപനങ്ങൾക്കും ഇലക്ട്രോണിക് സ്‌റ്റോറുകൾക്കും ശഅബാൻ്റെ ആദ്യ ദിവസമായ ഞായറാഴ്‌ച മുതൽ കിഴിവ് ലൈസൻസുകൾക്കായി, sales.mc.gov.sa എന്ന വെബ്‌സൈറ്റ് വഴി ഇലക്ട്രോണിക് ആയി അപേക്ഷിക്കാവുന്നതാണ്. നേരത്തെയുള്ള ഷോപ്പിംഗ് വർധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ നീക്കത്തിൻ്റെ ഭാഗമായാണ് ഈ ഡിസ്കൗണ്ട് പ്രഖ്യാപനം.
ഡിസ്കൗണ്ട് ലൈസൻസിലെ ബാർകോഡ് സ്കാൻ ചെയ്താൽ ഉപഭോക്താവിന് ഡിസ്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ കഴിയും. ഇത് സ്ഥാപനത്തിൻ്റെ വിശദാംശങ്ങളോടൊപ്പം കിഴിവുകളുടെ തരം, ശതമാനം, ദൈർഘ്യം എന്നിവയുൾപ്പെടെ ഡിസ്കൗണ്ടുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കും.
അതേസമയം ഇളവുകളുടെ നിയമസാധുത നിരീക്ഷിക്കുന്നതിനും സാധൂകരിക്കുന്നതിനുമായി രാജ്യത്തുടനീളം പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.