റിയാദ്: സൗദിക്ക് അഭിമാന നേട്ടം സമ്മാനിച്ച് ബഹിരാകാശ സഞ്ചാരിയായ റയാന ബർനാവിക്ക് എന്ന വനിത. സൗദിയുടെ അഭിമാനം ബഹിരാകാശത്ത് എത്തിച്ച റയാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിത എന്ന അംഗീകാരമാണ് റയാനയെ തേടിയെത്തിയത്.
2023 മെയ് 21ന് യുഎസിലെ ഫ്ലോറിഡ കിണ്ണടി ബഹിരാകാശ കേന്ദ്രത്തിൽ നിന്നുമാണ് സൗദി ബഹിരാകാശ സഞ്ചാരി അൽഖറിനൊപ്പം റയാന ബഹിരാകാശത്തേക്ക് യാത്ര ചെയ്തത്. ബയോമെഡിക്കൽ സയൻസിലെ ഗവേഷകയാണ് റയാന.
ക്യാൻസർ സ്റ്റെം സെല്ലുകളുടെ മേഖലയിലെ ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനുമായി ആണ് റയാന തന്റെ കരിയർ സമർപ്പിച്ചത്. കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ സേവനമനുഷ്ഠിച്ചു കൊണ്ട് തന്റെ ഔദ്യോഗിക ജീവിതത്തിന് റയാന തുടക്കം കുറിച്ചു. ന്യൂസിലാൻഡിലെ ഒട്ടാക്കോ സർവകലാശാലയിൽ നിന്നാണ് റയാന ജനിതക എൻജിനീയറിങ്ങിലും ടിഷ്യു വികസനത്തിലും ബിരുദം നേടിയത്. ഇതിന് പുറമെ, അൽഫൈസൽ സർവകലാശാലയിൽ നിന്ന് ബയോമെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദവും റയാന നേടിയിട്ടുണ്ട്.