ജിദ്ദ: കഴിഞ്ഞവർഷം ഉംറ നിർവഹിക്കാൻ വേണ്ടി മക്കയിലെത്തിയത് റെക്കോർഡ് എണ്ണം തീർത്ഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഈ കണക്കുകൾ അനുസരിച്ച് കഴിഞ്ഞവർഷം മാത്രം 357 ലക്ഷം തീർത്ഥാടകരാണ് ഉംറ നിർവഹിക്കാൻ വേണ്ടി എത്തിയത്. 2023ലെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2023ൽ 268 ലക്ഷം തീർത്ഥാടകരാണ് ഉംറ നിർവഹിക്കാൻ വേണ്ടി മക്കയിലെത്തിയത്. അതേസമയം, ആഭ്യന്തര തീർഥാടകരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2024 ൽ ഉംറ നിർവഹിച്ചത് 188 ലക്ഷം ആഭ്യന്തര തീർത്ഥാടകരാണ്. റിയാദിൽ നിന്നാണ് ആഭ്യന്തര തീർത്ഥാടകരിൽ മക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത്. കഴിഞ്ഞവർഷത്തെ റമദാനിലും പെരുന്നാളിനും മാത്രം 50 ലക്ഷത്തിലധികം തീർത്ഥാടകരാണ് എത്തിയത്. ഉംറ വിസ നടപടിക്രമങ്ങൾ ലളിതമാക്കിയതും സൗകര്യങ്ങൾ വർധിപ്പിച്ചതുമാണ് തീർത്ഥാടകരുടെ എണ്ണം ഉയരാൻ കാരണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.