ജിദ്ദ – ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഴിഞ്ഞ വർഷം യാത്ര ചെയ്തവരുടെ എണ്ണത്തിൽ സർവകാല റെക്കോഡ്. 2023 ൽ 4.27 കോടിയിലേറെ യാത്രക്കാരാണ് ജിദ്ദ എയർപോർട്ടിലൂടെ യാത്ര ചെയ്തത്.
യാത്രക്കാരുടെ എണ്ണത്തിൽ 36 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2022 ൽ ജിദ്ദ വിമാനത്താവളം വഴി 3.14 കോടി യാത്രക്കാരാണ് കടന്നുപോയത്. ജിദ്ദ എയർപോർട്ടിൽ കഴിഞ്ഞ വർഷം രണ്ടര ലക്ഷത്തിലേറെ വിമാന സർവീസുകൾ നടന്നിരുന്നു. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം വിമാന സർവീസുകൾ 25 ശതമാനം തോതിൽ വർധിച്ചു. 2022 ൽ ജിദ്ദ എയർപോർട്ടിൽ വിമാന സർവീസുകൾ രണ്ടു ലക്ഷം കവിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം എയർപോർട്ടിൽ 3.38 കോടി ബാഗേജുകൾ കൈകാര്യം ചെയ്തു.
ഏറ്റവും കൂടുതൽ സർവീസുകൾ നടന്നത് ഒന്നാം നമ്പർ ടെർമിനലിലാണ്. ഇവിടെ 1,79,900 സർവീസുകൾ നടന്നു. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഒന്നാം നമ്പർ ടെർമിനലിൽ വിമാന സർവീസുകളുടെ എണ്ണം 16 ശതമാനം തോതിൽ വർധിച്ചു. 2022 ൽ ഒന്നാം നമ്പർ ടെർമിനലിൽ 1,54,600 സർവീസുകളാണ് നടന്നത്. ജിദ്ദ വിമാനത്താവളത്തിൽ നിന്ന് സർവീസുള്ള വിദേശ നഗരങ്ങളുടെ എണ്ണം 11 ശതമാനം തോതിൽ കഴിഞ്ഞ വർഷം വർധിച്ചു. ജിദ്ദയിൽ നിന്ന് സർവീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 126 ആയാണ് ഉയർന്നത്. 2022 ൽ 114 വിദേശ നഗരങ്ങളിലേക്കാണ് സർവീസുകളുണ്ടായിരുന്നത്.