ജിദ്ദ – റെഡ് സീ ഡെസ്റ്റിനേഷനിലെ ആദ്യ ഘട്ട പ്രദേശത്ത് 150 ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ റെഡ് സീ ഗ്ലോബൽ കമ്പനി പൂർത്തിയാക്കി. ദേശീയ വൈദ്യുതി ശൃംഖലയിൽ നിന്ന് വേറിട്ട് നിൽക്കുന്ന സൗദിയിലെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയിന്റ് ശൃംഖലയാണിത്. റെഡ് സീ ഡെസ്റ്റിനേഷനിൽ പ്രധാന സ്ഥലങ്ങളിലെല്ലാം ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ പദ്ധതി പ്രദേശത്ത് ഉപയോഗിക്കുന്ന ലൂസിഡ്, മെഴ്‌സിഡിസ് കമ്പനികളുടെ 80 ഇലക്ട്രിക് കാറുകൾ മുടങ്ങാതെ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ചാർജിംഗ് സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സുസ്ഥിരതയുടെയും ആഡംബരത്തിന്റെയും രണ്ടു സമീപനങ്ങളെ അതുല്യവുമായ രീതിയിൽ സംയോജിപ്പിക്കാനുള്ള ഞങ്ങളുടെ അഭിലാഷത്തെ ഈ പദ്ധതി പ്രതിനിധീകരിക്കുന്നതായി റെഡ് സീ ഗ്ലോബൽ കമ്പനി സി.ഇ.ഒ ജോൺ പഗാനൊ പറഞ്ഞു.
പുനരുപയോഗ ഊർജം മാത്രം അവലംബിച്ചാണ് റെഡ് സീ ഡെസ്റ്റിനേഷൻ പ്രവർത്തിക്കുക. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യം കൈവരിക്കുന്നതിന് ഇതിനകം അഞ്ചു സൗരോർജ നിലയങ്ങൾ റെഡ് സീ ഡെസ്റ്റിനേഷനിൽ നിർമിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആകെ 7,60,000 സോളാർ പാനലുകളുണ്ട്. ഇലക്ട്രിക് കാറുകളുടെ ചാർജിംഗ് പോയിന്റുകൾ അടക്കം ഡെസ്റ്റിനേഷനിലെ ആദ്യ ഘട്ടത്തിന് ആവശ്യമായ വൈദ്യുതി ഈ നിലയങ്ങൾ നൽകും.