ജിദ്ദ – സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചു. ആദ്യ ബാച്ചായി 20 പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ കമ്പനി തുടങ്ങി കഴിഞ്ഞു. മൂന്നു വർഷത്തിനുള്ളിൽ 700 പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബോയിംഗ് 787-9, വീതികൂടിയ ബോയിംഗ് 777 വിമാനങ്ങളിൽ വലിയ പരിചയസമ്പത്തുള്ളവരെ റിക്രൂട്ട് ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നത്.
പൈലറ്റുമാരുടെ ഇന്റർവ്യൂ ആരംഭിച്ചതായി റിയാദ് എയർ സി.ഇ.ഒ പീറ്റർ ബെല്ല്യു അറിയിച്ചു. അടുത്ത വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയത്ത് പുതിയ പൈലറ്റുമാർ കമ്പനി ജോലിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പൈലറ്റുമാർ ഒക്‌ടോബറിലും നവംബറിലും ജോലി ആരംഭിക്കും. കോർ ഗ്രൂപ്പിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഈ വർഷം ഡിസംബർ വരെ തുടരുമെന്നും പീറ്റർ ബെല്ല്യു വ്യക്തമാക്കി .
സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പിന്തുണയുള്ള റിയാദ് എയർ ബോയിംഗ് 787 ഡ്രീംലൈനർ ഇനത്തിൽ പെട്ട 72 വിമാനങ്ങൾക്ക് ഓർഡർ നൽകാനുള്ള നടപടികൾ ഈ വർഷം ഏപ്രിലിൽ ആരംഭിച്ചിരുന്നു. വീതികുറഞ്ഞ വിമാനങ്ങൾക്കുള്ള ഓർഡറുമായി ബന്ധപ്പെട്ട് കമ്പനി സജീവ നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഫലങ്ങൾ ഈ വർഷാവസാനത്തോടെ പ്രഖ്യാപിക്കും.