റിയാദ് – വിശുദ്ധ റമദാൻ മാസത്തിൽ രാവിലെ ഏഴര മുതൽ പുലർച്ചെ മൂന്നര വരെ റിയാദിൽ ബസ് സർവീസുകളുണ്ടാകുമെന്ന് റിയാദ് ബസ് അറിയിച്ചു.
കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി റിയാദിൽ ബസ് സർവീസിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായതായി കഴിഞ്ഞ ഞായറാഴ്ച റിയാദ് റോയൽ കമ്മീഷൻ അറിയിച്ചിരുന്നു. റിയാദ് ബസ് ശൃംഖലയിൽ ആകെ 86 റൂട്ടുകളാണുള്ളത്. ആദ്യ ഘട്ടത്തിൽ 15 റൂട്ടുകളും 633 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമുണ്ട്. ഈ ഘട്ടത്തിൽ സർവീസിന് 340 ബസുകളാണ് ഉപയോഗിക്കുന്നത്.
അതേസമയം പുണ്യറമദാനിലെ അവസാന പത്തിൽ വിശുദ്ധ ഹറമിൽ ഇഅ്തികാഫ് ഇരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷന് ഇന്നു മുതൽ തുടക്കമാകുമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു. നുസുക് ആപ്പ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. സീറ്റുകൾ തീരുന്നതു വരെ രജിസ്ട്രേഷൻ തുടരുമെന്ന് ഹറംകാര്യ വകുപ്പ് വ്യക്തമാക്കി.