റിയാദ്: ‘റിയാദ് കലണ്ടർ’ എന്ന പേരിലുള്ള വൈവിധ്യമാർന്ന സാംസ്കാരിക, വിനോദ പരിപാടികൾ മുഖേന എട്ടു മാസത്തിനുള്ളിൽ 1,85,000 പേർക്ക് ജോലി ലഭിച്ചതായി സൗദി ജനറൽ എന്റർടെയിൻമെന്റ് അതോറിറ്റി (ജി.ഇ.എ)അറിയിച്ചു. റിയാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികൾ വഴി തൊഴിലവസരം ലഭ്യമായവരിൽ നല്ലൊരു ശതമാനം വനിതകളും ഉൾപ്പെടുന്നു.
ഇതിൽ 55,000 നേരിട്ടുള്ള ജോലികളും 130,000ത്തിലധികം പരോക്ഷ ജോലികളുമാണെന്ന് ജി.ഇ.എ ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽശൈഖ് വ്യക്തമാക്കി. യുവസമൂഹത്തെ ലക്ഷ്യബോധമുള്ളവരും സാമ്പത്തിക വിജയങ്ങൾ തേടുന്നവരുമാക്കുന്നതിൽ ഇത്തരം പരിപാടികൾ വലിയ പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയോടെയാണിത് സാധ്യമായതെന്നും അതിൽ അദ്ദേഹത്തിന് നന്ദി അറിയിക്കുകയാണെന്നും അൽശൈഖ് കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള 1.5 കോടി പേരാണ് എട്ടു മാസത്തിനിടയിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്തത്.
തൊഴിലവസരങ്ങൾ സൃഷ്ടിച്ചും നിക്ഷേപം പ്രോത്സാഹിപ്പിച്ചും പ്രാദേശിക സമൂഹത്തിന് സാമ്പത്തിക നേട്ടം പ്രദാനംചെയ്തും മുന്നേറുന്ന റിയാദ് കലണ്ടർ പരിപാടികൾ വിനോദ മേഖലയെ പരിപോഷിപ്പിക്കുന്നതായും ജി.ഇ.എ ചെയർമാൻ വിശദീകരിച്ചു.