റിയാദ്: റിയാദ് പാർക്കിംഗ് പദ്ധതി ആദ്യഘട്ടത്തിന് തുടക്കം കുറിച്ച് സൗദി അറേബ്യ. അൽ വുറൂദ് ഡിസ്ട്രിക്റ്റിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു. തലസ്ഥാനത്തെ ജീവിതനിലവാരം ഉയർത്തുന്നതിനായി തെരുവുകളിലും പാർപ്പിട പരിസരങ്ങളിലും വ്യവസ്ഥാപിത പാർക്കിങ് സൗകര്യമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്.
അമീർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡ്, അമീർ സുൽത്താൻ ബിൻ സൽമാൻ റോഡ് തുടങ്ങിയ റോഡുകളോട് ചേർന്നുള്ള പ്രധാന സ്ട്രീറ്റുകളിൽ പാർക്കിങ് സ്ഥലമൊരുക്കൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർക്കിങ് സംവിധാനം ക്രമരഹിതമായ വാഹനങ്ങൾ പാർക്കിങ് ചെയ്യുന്ന രീതികൾ അവസാനിപ്പിക്കാൻ സഹായിക്കും. പാർപ്പിട കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളുടെ വരവ് കുറക്കാനും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും പുതിയ പദ്ധതിയിലൂടെ കഴിയും.
റിയാദ് പാർക്കിങ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ജനങ്ങളെ ബോധവത്ക്കരിക്കാനായി പ്രത്യേക കാമ്പയിനുകൾ സംഘടിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.