റിയാദ്∙ റിയാദ് സീസൺ കപ്പിൻറെ രണ്ടാമത്തെ മത്സരത്തിൽ മെസിയുടെ ഇൻറർമിയാമിക്ക് കനത്ത തോൽവി. ആദ്യമത്സരത്തിൽ തോറ്റ മെസിയുടെ ഇൻറർമിയാമിയെ രണ്ടാം മത്സരത്തിൽ അൽ നസർ ഏകപക്ഷീയമായ ആറു ഗോളുകൾക്കാണ് തകർത്തത്. ആദ്യ മത്സരത്തിൽ ഹിലാലിനോട് നാലിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇൻർമിയാമി പരാജയം ഏറ്റുവാങ്ങിയത്.
3, 10, 12 മിനിറ്റുകളിൽ മൂന്ന് ഗോളുകൾ (ഒട്ടാവിയോ, താലിസ്ക, ലാപോർട്ടെ) നേടി അൽ നസർ മുന്നിലെത്തിയതോടെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതിയിൽ പെനാൽറ്റി കിക്കിൽ നിന്ന് അൽ നസറിനായി ടാലിസ്ക നാലാം ഗോൾ സ്വന്തമാക്കി. 68-ാം മിനിറ്റിൽ മുഹമ്മദ് മാരൻ അൽ നസറിനായി അഞ്ചാം ഗോൾ കൂട്ടിച്ചേർത്തു, 73-ാം മിനിറ്റിൽ ആറാം ഗോളിലൂടെ താലിസ്ക ഹാട്രിക് നേടി. മത്സരം തുടങ്ങി ആദ്യത്തെ പന്ത്രണ്ടു മിനിറ്റിൽ തന്നെ മെസിയും സംഘവും മൂന്നു ഗോളിന് പിന്നിലായിരുന്നു. പരുക്ക് കാരണം വിശ്രമത്തിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിന് ഇറങ്ങിയിരുന്നില്ല.