റിയാദ്: ഈ മാസം 19ന് കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മെസ്സിയും റോണാള്‍ഡോയും ഒന്നിക്കുന്ന റിയാദ് സീസണ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഒരു വിഐപി ടിക്കറ്റ് ലേലത്തില്‍ വില്‍ക്കുന്നു. ബിയോണ്ട് ഇമാജിനേഷന് എന്ന പേരിലുള്ള ഈ ടിക്കറ്റിന് പത്ത് ലക്ഷം റിയാല്‍ മുതലാണ് ലേലം വിളി തുടങ്ങിയതെന്ന് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഗവര്‍ണര്‍ തുര്‍ക്കി ആലു ശൈഖ് ട്വീറ്ററിലൂടെ വ്യക്തമാക്കി.
പാരീസ് സെന്റ് ജെര്മനിനെതിരെ അല്‍നസര്‍, അല്‍ഹിലാല്‍ ക്ലബ്ബുകള്‍ ഒന്നിക്കുന്ന ടൂര്‍ണമെന്റ് വഴി ലഭിക്കുന്ന വരുമാനം ഇഹ്സാന്‍ പ്ലാറ്റ് ഫോം വഴി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. ഈ വിഐപി ടിക്കറ്റ് ലേലത്തില്‍ ലഭിക്കുന്ന വ്യക്തിക്ക് രണ്ട് ടീമുകള്‍ക്കൊപ്പം ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കാന്‍ അവസരം ലഭിക്കും. അതോടൊപ്പം ടൂര്‍ണമെന്റ് വിജയികളെ കപ്പ് നല്കി ആദരിക്കാനും അവസരമുണ്ടാകും. ലേലം വിളി അവസാനിക്കുന്നത് 17ന് രാത്രി 11.30നാണ്.