ജിദ്ദയെയും മക്കയെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള റോഡിന്റെ നിർമാണം അന്തിമ ഘട്ടത്തിലെത്തിയതായി റോഡ്സ് അതോറിറ്റി അറിയിച്ചു. നേരിട്ടുള്ള റോഡ് പദ്ധതിയിലൂടെ ജിദ്ദയിൽ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മക്കയിലേക്കെത്താൻ സാധിക്കുന്നതാണ്. ഹജ്ജ് ഉംറ തീർഥാകർക്ക് ഏറെ സഹായകമാകുന്നതാണ് ഈ റോഡ് പദ്ധതി. ഈ പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് 35 മിനുട്ടിനുള്ളിൽ മക്കയിലെത്താൻ സാധിക്കും. ഇത് വരെ മൂന്ന് ഘട്ടങ്ങളിലായി റോഡ് നിർമാണത്തിൻ്റെ 70 ശതമാവും പൂർത്തിയായി.
ഇത് വരെ നിർമാണം പൂർത്തിയായത് 53 കിലോമീറ്ററിലാണ്. 20 കിലോമീറ്റർ ദൈർഘ്യത്തിൽ നാലാമാത്തെയും അവസാനത്തെയും ഘട്ടത്തിലാണ് ഇപ്പോൾ റോഡ് നിർമാണം നടക്കുന്നത്. ആകെ 73 കിലോ മീറ്ററാണ് റോഡിൻ്റെ ദൈർഘ്യം. ഇരു ദിശകളിലേക്കും നാല് വരിപാതകളായാണ് നിർമിക്കുന്നത്. അതിനാൽ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നതോടെ ജിദ്ദ വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് പോകുവാനുളള പ്രധാന പാതയായി ഇത് മാറും. കൂടാതെ നിലവിൽ ഉപയോഗിച്ച് വരുന്ന ഹറമൈൻ അതിവേഗ പാതയിലുൾപ്പെടെ ഗതാഗത തിരക്ക് ഗണ്യമായി കുറയുമെന്നും അതോറിറ്റി വ്യക്തമാക്കി.